Pathanamthitta District
തൂഫാൻ 2.0

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ സൂചനാ സർക്കുലറിലെ നിർദ്ദേശങ്ങൾ അനുസരിച്ച് നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ “ ഓപ്പറേഷൻ തൂഫാൻ (രണ്ടാം ഘട്ടം ) ലഹരി വിരുദ്ധ പദ്ധതിയുടെ  ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങുകളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. 

  സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനും, ലഹരിവിമുക്തവും സുരക്ഷിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ജനകീയ ലഹരിവിരുദ്ധ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു.

              2026 സെപ്റ്റംബർ 28-ന് ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. പി. മനോജ് കുമാർ 'തൂഫാൻ 2.0' പതാക ഉയർത്തുകയും തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സമൂഹത്തിൽ ലഹരി വ്യാപനം മൂലം സൃഷ്ടിക്കപ്പെടുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങളിൽ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

               പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന 'തൂഫാൻ വാരിയേഴ്സിനുള്ള' ബാഡ്ജ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. പി. മനോജ് കുമാർ, വൈസ് പ്രസിഡന്റ് ശ്രീമതി ജെസി മാത്യു എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ലഹരി വിരുദ്ധ പോരാട്ടത്തിൽ വാരിയേഴ്സിന്റെ നിതാന്ത ജാഗ്രത ഉറപ്പാക്കാനും സജീവമായ ജനകീയ പ്രതിബദ്ധതയോടെ മുന്നോട്ട് പോകാനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

രാവിലെ 11.00 മണിക്ക് മലപ്പുറം ജില്ലയിൽ വെച്ച് നടന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിന്റെ തത്സമയ ലൈവ്  വലിയ സ്ക്രീനിൽ സംപ്രേഷണം ചെയ്തു. 

സംസ്ഥാന തല ഉദ്ഘാടന സംപ്രേഷണത്തിന് ശേഷം സ്റ്റേഷൻ ഹൌസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ലഹരിയുടെ ഉപയോഗം, ബോധവൽക്കരണം ജാഗ്രതാ സമിതികളുടെ പ്രവർത്തനം  എന്നിവയെക്കുറിച്ച് വിശദമായ ബോധവൽക്കരണ ക്ലാസ് നടന്നു. ഒപ്പം പദ്ധതിയുടെ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന പ്രത്യേക ലഹരി വിരുദ്ധ വീഡിയോയും സദസ്സിൽ പ്രദർശിപ്പിച്ചു. 

              ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ, ബി ബി ജി റാം ജി തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം പരിപാടിക്ക് വലിയ കരുത്തേകി. പഞ്ചായത്തിനെ പൂർണ്ണമായും ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള തുടർപ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭരണസമിതി അറിയിച്ചു.

1