പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ ഇലന്തൂര്‍ ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് നാരങ്ങാനം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.42 ചതുരശ്ര കിലോമീറ്ററാണ്. പ്രകൃതി സൌന്ദര്യത്തിന്റെ നിറകൂടമായ ഒരു പ്രശാന്ത ഗ്രാമമാണ് നാരങ്ങാനം. വാരി വിതറിയതെന്നപോലെ കാണപ്പെടുന്ന മല മടക്കുകളും, വയലേലകളും നേരിയ ചെരിവോടെ മലയടിവാരങ്ങളില്‍ കാണപ്പെടുന്ന സമതല കരപ്രദേശങ്ങളും ആണ് ഈ പഞ്ചായത്തിന്റെ ഒറ്റനോട്ടത്തിലുള്ള ഭൂപ്രകൃതി. ഏറ്റവും ഉയരംകൂടിയ മടുക്കക്കുന്നിന്റെ മുകളില്‍ നിന്നുള്ള വീക്ഷണത്തില്‍ പ്രകൃതി സൌന്ദര്യത്തിന്റെ ഒരു തുണ്ട് എന്നപോലെ ഇപ്പറഞ്ഞ ഭൂപ്രകൃതിയുടെ ഒരാകമാന ദൃശ്യം ലഭിക്കും. മാത്രമല്ല ഏതാണ്ട് 40-ല്‍ പരം കി മീ നേര്‍രേഖാ ദൂരത്തുകിടക്കുന്ന ആലപ്പുഴ സമുദ്ര തീരം വരെയുള്ള ഒരുവിശാലദൃശ്യവും കണ്ണുകള്‍ കൊണ്ട് കോരിയെടുക്കാം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും അല്പം പടിഞ്ഞാറുമാറിയിട്ടാണ് നാരങ്ങാനം പഞ്ചായത്തിന്റെ സ്ഥാനം. തെക്കുകിഴക്കായി പത്തനംതിട്ട മുനിസിപ്പാലിറ്റിയും കിഴക്കുഭാഗത്ത് മൈലപ്ര പഞ്ചായത്തും വടക്കുഭാഗത്ത് ചെറുകോല്‍ പഞ്ചായത്തും പടിഞ്ഞാറ് കോഴഞ്ചേരി പഞ്ചായത്തും തെക്കുപടിഞ്ഞാറ് മല്ലപുഴശ്ശേരി പഞ്ചായത്തും തെക്കു ഭാഗത്ത് ഇലന്തൂര്‍ പഞ്ചായത്തുമാണ് നാരങ്ങാനം പഞ്ചായത്തിന്റെ അതിരുകള്‍.