സ്ഥാപന ചരിത്രം

നാരകക്കാനമാണ് നാരങ്ങാനമായതെന്നും നാരദഗാനം മുഴങ്ങിയിരുന്ന സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്നും സ്ഥലനാമ പുരാണങ്ങളുണ്ട്. പ്രാചീനമായ ഒരു ധാരയിലാണ് ഇന്നും നാരങ്ങാനത്തിന്റെ ആചാര അനുഷ്ഠാനങ്ങളും സാംസ്ക്കാരിക പ്രതീകങ്ങളും എന്നു കാണാം. ഊര് ആളിയിരുന്ന (നാടിന്റെ അധിപരായിരുന്ന) ഊരാളന്മാര്‍ ഈനാട്ടിലെ പല അനുഷ്ഠാനകലകളിലും പ്രാമുഖ്യമുള്ളവരാണ്. ജന്മിത്തവും കുടിയായ്മയും അയിത്തവുമൊക്കെ ഇവിടെയും നിലനിന്നിരുന്നു. അയിത്തം അതിന്റെ എല്ലാ മ്ളേച്ഛതയിലും ഭീകരതയിലുമാണ് ഇവിടെ ആചരിക്കപ്പെട്ടിരുന്നത്. എന്നാല്‍ പ്രൈമറി സ്കൂളുകള്‍ സ്ഥാപിതമായി ഒരുമിച്ചിരുന്നു പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതോടെ വെളിച്ചത്തിന്റെ നേരിയ കിരണങ്ങള്‍ മനസുകളിലേക്കു കടന്നു. അവിടന്നിങ്ങോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വമ്പിച്ചമാറ്റങ്ങളാണ് ഈ ഗ്രാമത്തില്‍ സംഭവിച്ചിട്ടുള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നാരങ്ങാനത്ത് മനുഷ്യാധിവാസം ഉണ്ടായിരുന്നു. പന്തളത്തുരാജാവിന്റെ അധീശതയില്‍ ആയിരുന്ന ഈ ഭൂപ്രദേശം രണ്ട് സ്ത്രീകള്‍ക്കായി പതിച്ച് കൊടുത്തതോടെയാണ് ഇവിടെ അധിവാസം ആരംഭിച്ചതെന്നും രാജാവ് ഈ ദേശത്തിന്റെ മേല്‍നോട്ടം പുറപ്പെട്ടിമില്ലക്കാര്‍, കോട്ടയം പറമ്പില്‍ മില്ലക്കാര്‍ എന്നിവരെയാണ് ഏല്‍പ്പിച്ചതെന്നും പറയപ്പെടുന്നു. (മില്ലക്കാര്‍ എന്നാല്‍ റവന്യൂ) ഉദ്യോഗം കല്‍പ്പിച്ചു നല്‍കപ്പെട്ടിരുന്ന കുടുംബക്കാര്‍ എന്നര്‍ത്ഥം) മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നടത്തിയ തിരുവിതാംകൂര്‍ സംയോജനത്തിലൂടെ നാരങ്ങാനം ഉള്‍പ്പെടുന്ന പന്തളം രാജ്യം തിരുവിതാംകൂറിന്റെ ഭാഗമായി. ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ ഭരണത്തിന്‍കീഴില്‍-കൊല്ലവര്‍ഷം 1060 മുതല്‍ 1080 വരെ (എ.ഡി.1885-1905) നടന്ന കഡസ്ട്രല്‍ സര്‍വ്വേക്ക് മുമ്പ് നാരങ്ങാനം പ്രദേശം കൊല്ലം ഡിവിഷനില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ കുമ്പഴ പകുതിയില്‍ ഉള്‍പ്പെട്ടതായിരുന്നു (വില്ലേജ് എന്ന സാങ്കേതിക അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരുന്ന പദമാണ് പകുതി). അന്ന് തിരുവിതാംകൂറില്‍ തിരുവനന്തപുരം കൊല്ലം കോട്ടയം എന്നിങ്ങനെ മൂന്നു ഡിവിഷനുകള്‍ ഡിവിഷന്‍ പേഷ്ക്കാരന്മാരുടെ ഭരണമേല്‍നോട്ടത്തില്‍ നിലവിലുണ്ടായിരുന്നു. ഇടക്ക് അയിരൂര്‍ പ്രവൃത്തിയിലേക്ക് ഉള്‍പ്പെടുത്തപ്പെട്ട നാരങ്ങാനം കൊല്ലവര്‍ഷം 1080 മുതല്‍ കൊല്ലം ഡിവിഷനില്‍ പത്തനംതിട്ട താലൂക്കില്‍ ചെറുകോല്‍ പകുതിയിലും ഉള്‍പ്പെട്ടു.  വില്ലേജ് എന്ന സാങ്കേതിക അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരുന്ന പദങ്ങളാണ് പകുതി, പ്രവൃത്തി എന്നിവ. ചെറുകോല്‍ പകുതിയുടെ ആസ്ഥാനം നാരങ്ങാനം മഠത്തില്‍ പടിക്ക് സമീപമായിരുന്നു. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് സര്‍ സി പി രാമസ്വാമി അയ്യര്‍ ദിവാനായിരിക്കെ പ്രവര്‍ത്തികള്‍ പകുതികള്‍ക്കായി വില്ലേജ് യൂണിയനുകള്‍ (പ്രാദേശീകഭരണ സമിതികള്‍) രൂപീകരിച്ചു. അന്നു നാരങ്ങാനം ഉള്‍പ്പെട്ട ചെറുകോല്‍ വില്ലേജ് യൂണിയന്‍ ആയിരുന്നു. വില്ലേജ് യൂണിയന്റെ ആസ്ഥാനം നാരങ്ങാനം നോര്‍ത്തിലായിരുന്നു. ഒരു രൂപ കരം അടക്കാനുള്ള ഭൂസ്വത്ത് അഥവാ ബി.എ ബിരുദം ഉള്ളവര്‍ക്കായിരുന്നു വില്ലേജ് യൂണിയന്‍ ഭരണ സമിതിയില്‍ വോട്ടവകാശം. നാരങ്ങാനം പഞ്ചായത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് അടിത്തറ പാകിയ സുപ്രധാനമായ മറ്റൊരു സംഭവവികാസമായിരുന്നു കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിന്റെ നിര്‍മ്മിതി. തിരുവല്ല-കുമ്പഴ റോഡ് കഴിഞ്ഞാല്‍ മദ്ധ്യതിരുവിതാംകൂറിനെ കിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏക പാതയെന്ന നിര്‍ണ്ണായക പ്രാധാന്യമാണ് ഈ റോഡിനുണ്ടായിരുന്നത്. ഇന്നും ശബരിമല യാത്രക്കും മറ്റും ചെങ്ങന്നൂര്‍/തിരുവല്ല നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം ഇതു തന്നെയാണ് .ഇന്ന് നാരങ്ങാനത്തുള്ള മറ്റെല്ലാ റോഡുകളും ഈ റോഡിന്റെ സന്തതികളാണ്. തടസ്സം മറികടന്നുകൊണ്ട് ജനങ്ങളൊറ്റക്കെട്ടായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പണി തീര്‍ത്തത് ഒരു ചരിത്ര സംഭവമായി അതില്‍ പങ്കെടുത്ത മുതിര്‍ന്ന ആളുകള്‍ സ്മരിക്കുന്നു. പാലക്കുന്നത്തു വലിയ തിരുമേനി നാരങ്ങാനം മാര്‍ത്തോമ്മാ പള്ളിയുടെ ശിലാസ്ഥാപനത്തിനായി 1922-ല്‍ ഒരു കാറില്‍ വന്നപ്പോഴാണ് നാരങ്ങാനം പഞ്ചായത്തിലൂടെ ആദ്യമായി മോട്ടോര്‍ വാഹനം ഓടുന്നത്. 1955-ല്‍ മാത്രമാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യമായി ഓടിയ ബസ് പന്തളം-കടമ്മനിട്ട റൂട്ടില്‍ എം കെ വി ആയിരുന്നു. ഈ പഞ്ചായത്തിലുള്ള ഭൂരിപക്ഷം നിലം പുരയിടങ്ങള്‍ തെക്കേടത്ത് ഇല്ലം വകയായിരുന്നു.